സാധാരണ മലയാളം ബ്ലോഗുകളിൽ കാണുന്ന എല്ലാ സ്വഭാവങ്ങളും അതേ പടി മലയാളം ഫോട്ടോ ബ്ലോഗുകളിലും നുഴഞ്ഞു കയറി തുടങ്ങിയിരിക്കുന്നു എന്നതാണു് ഏകദേശം 50 ഫോട്ടോ ബ്ലോഗുകൾ സന്ദർശ്ശിച്ച ശേഷം അറിയാൻ കഴിഞ്ഞതു്.
എല്ലാ കലയും പൂർണ്ണതയിലേക്ക് എത്തുന്ന അനന്തമായ പാതയാണു് എന്നാണു് ഞാൻ കരുതുന്നതു്. ആരും പൂർണ്ണത എത്തുന്നില്ല. എല്ലാവരും അതിന്റെ ഉച്ചകോടിയിലേക്ക് എത്താനുള്ള പ്രയാണത്തിലാണു്. എന്നാൽ ആരും ആ സ്ഥാനത്തിലേക്ക് എത്തിചേരുന്നുമില്ല. അടുക്കും തോറും അകലുന്ന മരീചികയായി അതു് അകന്നുകൊണ്ടേയിരിക്കും.
മലയാളം ബ്ലോഗുകളിൽ കാണുന്ന ഫോട്ടോ പോസ്റ്റുകളിൽ നാം സ്ഥിരമായി കാണാറുള്ള ചില കമന്റുകൾ പലപ്പോഴും ഈ വിധത്തിൽ ആയിരിക്കും.
“Nice”
“അതി മനോഹരം.”
“കലക്കി…”
“great ..”
പ്രോത്സാഹനം: വളരെ നല്ല കാര്യം തന്നെ. പരാമർശ്ശങ്ങൾ ഒന്നുമില്ലാതെ പ്രോത്സാഹനം മാത്രമായാൽ പിന്നെ ആ കലാകാരൻ super star ആയി മാറും. പ്രോത്സാഹനം മാത്രം കേട്ട് പരിചയപ്പെട്ട ആ കലാകാരൻ പിന്നെ കലയെ കുറിച്ചുള്ള പരാമർശ്ശങ്ങൾ സ്വീകരിക്കാതെവരും. അങ്ങനെ ആ കലാകാരൻ മഹാ ബോറാകും. ഒരു കലാകാരൻ കലാകാരനല്ലാതാകും.
ഫോട്ടോ ബ്ലോഗുകളിൽ ക്രിയാത്മകമായ ചർച്ചകൾ ഇപ്പോൾ ഒട്ടും കാണാറില്ല എന്നു തന്നെ പറയാം.
പ്രോത്സാഹന commentകൾ അല്ലാതെ ക്രിയാത്മകമായ അഭിപ്രായങ്ങൾ വിരളമാണു്. ഇതിൽ ഏറ്റവും അത്ഭുതകരം മറ്റൊന്നുമല്ല. ഈ commentകൾ എഴുതുന്നത് മിക്കവാറും മറ്റൊരു ഫോട്ടോഗ്രഫർ തന്നെയായിരിക്കും. “you scratch my back I scratch your ….” എന്ന വിധത്തിൽ ഇതു് തുടർന്നു കൊണ്ടേയിരിക്കും. ഫോട്ടോഗ്രാഫർമാർക്ക് ഒരുതരം തിമിരം ബാധിച്ചിരിക്കുന്നു. അതു വേണ്ട കൂട്ടുകാരെ, ബ്ലോഗ് കവിതയുടെ നിലവാരത്തിലേക്ക് ഫോട്ടോഗ്രഫി നീങ്ങരുതു്. പരിചയത്തിന്റെ പുറത്തുള്ളതായിരിക്കാം ഇതുപോലുള്ള പല commentകളും. നല്ല ചിത്രം കണ്ടാൽ അഭിനന്ദിക്കാം. എന്നാൽ മോശം ചിത്രം കണ്ടാൽ മിണ്ടാതെ പോകാതെ മനസിൽ തോന്നുന്നത് മടിയില്ലാതെ പറയാൻ പഠിക്കുക.
ഒരു പരിധി വരെ പ്രോത്സാഹനം നല്ലതാണു്. പക്ഷെ അഭിനന്ദനങ്ങൾ മാത്രം കിട്ടിതുകൊണ്ടു് വളരാൻ ആഗ്രഹിക്കുന്ന ഒരു കലാകാരനു് എന്തു് മെച്ചമാണു് കിട്ടുന്നതു്? ഫോട്ടോയിൽ കാണുന്ന പോരായ്മകൾ വ്യക്തമായ ഭാഷയിൽ വിശകലനം ചെയ്യുന്നതു വഴി ബ്ലോഗ് ആ ഫോട്ടോഗ്രഫർ മാത്രമല്ല, അതു കാണുന്ന മറ്റുള്ളവരും ഫോട്ടോഗ്രഫിയെ കൂടുതൽ അടുത്തറിയുന്നു. പക്ഷെ പ്രോത്സാഹനത്തിനപ്പുറം ഒന്നും പറയാനാവാത്ത ഇവർ ആ കലാകാരന്റെ എല്ലാ കലാവസനകളും മുരടിപ്പിക്കുകയാണു് ചെയ്യുന്നതു്.
‘ബ്ലോഗ് കവിത’ പോലെ “അന്ധകാരത്തിന്റെ കൂരിരുട്ടിൽ” പടർന്നു പന്തലിച്ചുകിടക്കുന്ന നിഗൂഢ വിഷയമൊന്നുമല്ല ഫോട്ടോഗ്രഫി. പോക്കത്തിലെ ചിന്താശക്തിയൊ, കഞ്ചാവടിച്ച് കോൺ തെറ്റിയ ചിന്തഗതിയൊ വേണ്ട. കാണാൻ ശേഷിയുള്ള കണ്ണുള്ള എല്ലവർക്കും മനസിലാകുന്ന ഒന്നാണു് ഈ കല. അങ്ങനെയിരിക്കുമ്പോൾ എന്തിനാണു് ഈ കലാകാരന്മാരെ വളരാൻ അനുവതിക്കാതെ ഇങ്ങനെ അഭിനന്ദിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുന്നതു്?