രാവിലത്തെ ഷാർജ്ജ ദുബൈ ട്രാഫിൿ ഭയന്നു കൊച്ചു വെളുപ്പാങ്കാലത്തു് തന്നെ പണി സ്ഥലത്തെത്തി. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോഴ് ഇരുണ്ടുകൂടിയ കിഴക്കൻ ചക്രവാളതിൽ സൂര്യൻ ഉദിച്ചിട്ടില്ല. ഈ മഹാ നഗരം കെട്ടിടങ്ങൾ കൊണ്ടു നിറയും മുമ്പു് ഓഫിസിൽ നിന്നു നോക്കിയാൽ 30km അകലെ എന്റെ തീർത്ഥാടന കേന്ത്രമായ വർഖയിൽ സൂര്യോദയം കാണാമായിരുന്നു. ഇന്നെന്റെ മുന്നിൽ ഇരുമ്പും ചില്ലും കൊണ്ടു നിർമിച്ച് കുറേ മറകൾ മാത്രം. ഞാനും സഹായിച്ചു നിർമ്മിച്ച മറകൾ.
വർഖ എന്നും എന്റെ ധ്യാന കേന്ദ്രമായിരുന്നു. അനേകം പക്ഷികളും, അതിസുന്ദരമായ മൺ കുന്നുകളും നിറഞ്ഞ, പ്രശാന്ത സുന്ദരമായി പ്രദേശം.
വർഖക്ക് പോകുന്ന വഴിയിൽ ഞങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടമുണ്ടു. മരുഭൂമിയിലെ മണ്ണും മരങ്ങളും കോരി മാറ്റി കെട്ടിടങ്ങളുടെ നിർമ്മാണം വർഖ വരെ എത്തി നില്ക്കുന്നു. ഞാനും കൂട്ടുനിന്നു നിർമ്മിച്ച മറകൾ എന്റെ ഈ സൂര്യോദയം മറക്കുന്നു.
വർഖയിലെ മൺ കുന്നുകളും സൂര്യോദയവും ഇനി എത്രകാലം ഉണ്ടാകും എന്നറിയില്ല.
പക്ഷെ ഈ സൂര്യോദയം എനിക്കുള്ളതാണു്. കാമറ kit തോളത്തു് കയറ്റി ഞാൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഇറങ്ങി…